മലയാളി പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയുഗം. സിനിമാ ആസ്വാദകരെ അതിശയിപ്പിച്ച പ്രകടനവുമായിരുന്നു മമ്മുട്ടിയുടേത്. ഒടിടിയിൽ മികച്ച സ്ട്രീമിംഗ് മണിക്കൂറോടെയാണ് ചിത്രം മുന്നേറുന്നത്. ഇതിനിടെ മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവയ്‌ക്കുകയാണ് സംവിധായകൻ.
‘ഏത് ഷോട്ട് കൊടുത്താലും ഒന്നോ രണ്ടോ ടേക്കിനുള്ളിൽ മമ്മൂക്ക് അത് മനോഹരമായി ചെയ്യും. അതിൽ ഞങ്ങൾ സംതൃപ്തരായിരിക്കും. അതിൽ കൂടുതൽ വേണമെന്ന് പറയാൻ ഞങ്ങൾക്ക് തോന്നില്ല. മുഴുവൻ ഡയലോഗുകളും പഠിച്ചതിന് ശേഷമാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നത്’.
‘ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഇത്തരത്തിലായിരുന്നില്ല. ഒരുപാട് സ്കെച്ചുകൾ വരച്ച് നോക്കിയിട്ടുണ്ട്. നാടോടി കഥകൾ ഒരുപാട് വായിച്ചിട്ടുണ്ട്. മുത്തശ്ശി കഥകളും കേട്ടിട്ടുണ്ട്. അതിൽ ഏതെങ്കിലും എടുക്കാമെന്ന് വിചാരിച്ചു. കഥാപാത്രത്തിന്റെ വസ്ത്രം വേറെയായിരുന്നു. അതിന് ശേഷമാണ് എല്ലാം മുഴുവനായും മാറ്റിയത്’- രാഹുൽ സദാശിവൻ പറഞ്ഞു.
രേവതിയെയും ഷെയ്ൻ നിഗത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാന ചെയ്ത ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ ജനപ്രീതി നേടുന്നത്.















