ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്നില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. വേർതിരിച്ചു കാണുന്നവർ എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.സുരേന്ദ്രൻ പ്രതികരിച്ചത്.
‘കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അഞ്ജതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം.’- കെ.സുരേന്ദ്രൻ കുറിച്ചു.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നുമുള്ള വിവാദ പ്രസ്താവനയായിരുന്നു സത്യഭാമ ജൂനിയറിന്റേത്.