തൃശൂർ: സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം. പത്രകുറിപ്പിലൂടെയാണ് കലാമണ്ഡലം നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇവർക്ക് സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം അറിയിച്ചു.
‘കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നതായി’ പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പ്രമുഖർ രാമകൃഷ്ണന് പിന്തുണയുമായി രംഗത്ത് വന്നു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെ അധിക്ഷേപിച്ച് സംസാരിച്ചത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പറഞ്ഞത്. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നും ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.















