രൺദീപ് ഹൂഡ നായകനാകുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വിനായക് ദാമോദർ സവർക്കറുടെ വേഷത്തിൽ എത്തുന്ന രൺദീപ് ഹൂഡയുടെ രൂപമാറ്റം സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയതാണ്. തന്റെ ആരോഗ്യത്തെ വെല്ലുവിളിച്ചുകൊണ്ട് 26 കിലോയാണ് രൺദീപ് ഹൂഡ കുറച്ചത്. അതിനെക്കുറിച്ച് സംസാരിക്കുകയാണ് സഹോദരിയും ഡോക്ടറുമായ അഞ്ജലി.
കഥാപാത്രത്തിന് വേണ്ടി തന്റെ സഹോദരൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നാണ് അഞ്ജലി പറയുന്നത്. രൺദീപ് ഹൂഡയുടെ ആത്മ സമർപ്പണത്തെക്കുറിച്ച് അഭിമാനത്തോടെ പറയുമ്പോഴും ഇനി ഒരിക്കലും ഇത്തരത്തിൽ ആവർത്തിക്കരുതെന്നും അഞ്ജലി പറയുന്നുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ സഹോദരനെ സഹായിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെയാണ് അഞ്ജലി വെളിപ്പെടുത്തിയത്.
‘സ്വന്തം ജോലിയിൽ എത്രത്തോളം ആത്മസമർപ്പണം ഉള്ളവനാണ് രൺദീപെന്ന് ആലോചിക്കുമ്പോൾ ഞാൻ അഭിമാനിക്കുന്നു. പുരസ്കാരങ്ങൾക്ക് വേണ്ടി മാത്രം നിരവധി പേർ അഭിനയിക്കുമ്പോൾ, രൺ ദീപ് അഭിനയത്തോടുള്ള ഇഷ്ടം കാരണമാണ് എല്ലാം ചെയ്യുന്നത്. അവന്റെ യുക്തിക്ക് അനുസരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
രൺദീപ് ശരീരഭാരം ഇത്രയും കുറച്ചതിൽ ഞങ്ങളുടെ പിതാവ് വരെ ദേഷ്യപ്പെട്ടിരുന്നു. അച്ഛനൊരു ഡോക്ടർ ആയിരുന്നിട്ടുപോലും ദേഷ്യപ്പെട്ടു. മറുവശത്ത് അമ്മയും ആകെ വിഷമത്തിലായിരുന്നു. പക്ഷെ, രൺദീപിന്റെ ഭാര്യ എല്ലാ സപ്പോർട്ടും നൽകി കൂടെ ഉണ്ടായിരുന്നു. ഡയറ്റ് പ്ലാനെല്ലാം പറഞ്ഞു കൊടുത്ത് അവന്റെ ഒപ്പം ഞാൻ ഉണ്ടായിരുന്നതാണ് എല്ലാവർക്കും ആശ്വാസം.’- അഞ്ജലി പറഞ്ഞു.
ഡോക്ടറും ഡയറ്റീഷ്യനുമാണ് രൺദീപ് ഹൂഡയുടെ സദോഹരി അഞ്ജലി. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ വീർ സവർക്കർ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ നാളുകൾ അവതരിപ്പിക്കാനാണ് ഹൂഡ ശരീരത്തിൽ വലിയ പരീക്ഷണങ്ങൾക്ക് തയാറായത്. രൺദീപിന് ശരീരഭാരം കുറയ്‌ക്കുന്നതിനായി ആഹാരം ക്രമീകരിച്ചതും അഞ്ജലിയാണ്.