ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച ജൂനിയർ സത്യഭാമയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. സത്യഭാമയുടെ പരാമർശം ഹീനവും നിന്ദ്യവുമാണെന്ന് വിനയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കലാഭവൻമണിയുടെ അനുജൻ R L V രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണ്. ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ അതു പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോൾ പുറകിലത്തെ ചുവരിൽ ഭഗവാൻ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു.. സത്യഭാമട്ടീച്ചറേ… ശ്രീകൃഷ്ണ ഭഗവാൻ കാക്കകറുമ്പൻ ആയിരുന്നു.. കാർമുകിൽ വർണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്‌ത്തുന്ന എത്രയോ കൃതികൾ ടീച്ചർ തന്നെ വായിച്ചിട്ടുണ്ടാകും..
അസുരന്മാരെ മോഹിപ്പിച്ച് കീഴ്പ്പെടുത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്.. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.. പിന്നെ ഈ പറയുന്നതിൽ എന്ത് ന്യായമാണ്.. അപ്പോൾ ഇതിൽ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവൻമണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോൾ ഇവിടെ ഓർത്തു പോകുന്നു.. രാമകൃഷ്ണൻ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടർച്ചയേ വളരെ വേദനയോടെ ആണ് ഞാൻ കാണുന്നത്..
നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാൽ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കൾക്കോ ജനിക്കുന്ന കുട്ടികൾ വിരൂപനോ, വികലാംഗനോ ആയാൽ ഒരാൾക്ക് ഇതുപോലെ പറയാൻ പറ്റുമോ? പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാൻ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷൻ ബോയിയോട് – ചേട്ടാ ദൈവം നമ്മളെ സൃഷ്ടിച്ചപ്പോൾ ഒന്നു മാറി ചിന്തിച്ചിരുന്നെങ്കിൽ ചേട്ടൻ എന്നെപ്പോലെ കുള്ളനും ഞാൻ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ- എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യൻ പറഞ്ഞപ്പോൾ അവനെ വാരി എടത്ത് പഛാത്താപത്തോടെ അവന്റെ അടുത്ത് നുറു സോറി പറഞ്ഞ പ്രൊഡക്ഷൻ ബോയിയെ ഞാനോർക്കുന്നൂ.. ആ പ്രൊഡക്ഷൻ ബോയിയുടെ മനസ്സിന്റെ വലുപ്പമെങ്കിലും.. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക് ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു.. അതല്ലെങ്കിൽ സാസ്കാരിക കേരളത്തിന് ഒരു അപമാനമായിരിക്കും.