തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ-റൈസ് വിൽപ്പനയ്‌ക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് കെ-റൈസായി വിൽക്കുന്നതെന്നായിരുന്നു സർക്കാർ വാദം.എന്നാൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന അരി തെലങ്കാനയിൽ നിന്നുള്ളതല്ല, മരിയൻ സ്‌പൈസസ് എന്ന കൊച്ചിയിലെ കമ്പനിയിൽ നിന്ന് വാങ്ങിയതാണ്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന കർണാടക ജയ അരിയാണിത്. 40.15 രൂപയ്‌ക്ക് സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് മാർക്കറ്റിലെ വില. നഞ്ചു വാങ്ങാൻ പോലും ഗതിയില്ലാത്ത സർക്കാർ കർണാടക മാർക്കറ്റിൽ നിന്നും അരി വാങ്ങിയിരുന്നെങ്കിൽ ഇത്രയും രൂപ ചെലവാവില്ലായിരുന്നു. പൊതുജനങ്ങൾ ഖജനാവിലേക്ക് നികുതിയായി നൽകുന്ന കോടിക്കണക്കിന് രൂപയാണ് ഇതുവഴി പാഴാവുന്നത്.
12 ലക്ഷം കിലോ അരിയാണ് സർക്കാർ വാങ്ങിയത്. 85 ലക്ഷം കിലോ അരി വേണമെന്നാണ് സർക്കാർ പറയുന്നത്. 21 കോടി 75 ലക്ഷം രൂപ സർക്കാരിന് നഷ്ടം. നിലവിലെ നിയമം അനുസരിച്ച് കരാറിൽ 3 പേർ എങ്കിലും പങ്കെടുക്കണം. എന്നാൽ ഇവിടെ അതുണ്ടായില്ല. സിപിഎം- സിപിഐ സംയുക്ത അരി കുംഭകോണമാണിത്. അതുകൊണ്ട് കെ-റൈസ് കരാർ അടിയന്തരമായി റദ്ദാക്കണമെന്നും അടിയന്തിര അന്വേഷണം നടത്തണമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.















