ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ എംപി മഹുവാ മൊയ്ത്രക്കെതിരെ അന്വേഷണം ആരംഭിച്ച് സിബിഐ. കഴിഞ്ഞ ദിവസമുണ്ടായ ലോക്പാൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും തെളിവുകളിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും ചൂണ്ടിക്കാട്ടിയ ലോക്പാൽ, തൃണമൂൽ നേതാവിനെതിരെ ഉടൻ തന്നെ അന്വേഷണം ആരംഭിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് ലോക്പാൽ നിർദേശം. മഹുവയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും പരാതികളും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്നും സിബിഐക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചത്.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു പാർലമെന്റിൽ നിന്നും മഹുവ പുറത്താക്കപ്പെട്ടത്. ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് തൃണമൂൽ നേതാവിനെതിരായ ആരോപണം.















