ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളും ഡൽഹിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബാൻസുരി സ്വരാജിന് വിജയാശംസകൾ നേർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ബാൻസുരിയ്‌ക്ക് ഭാവുകങ്ങൾ നേർന്ന് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടതോടെ ബാൻസുരിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രചാരണ പരിപാടികൾ ഊർജ്ജിതമാവുകയാണ്.
” വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം ഊർജ്ജിതമായി തുടരുന്ന ബാൻസുരി സ്വരാജിന് എല്ലാവിധ വിജയാശംസകളും. ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള ബാൻസുരിയുടെ ഊർജ്ജവും പ്രതിബദ്ധതയും ഈ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്.” – എസ്. ജയശങ്കർ കുറിച്ചു.
ആശംസകൾ അറിയിച്ചതിലും വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിലുമുള്ള സന്തോഷം ബാൻസുരിയും സമൂഹമാദ്ധ്യമമായ എക്‌സിലൂടെ പങ്കുവച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനുഗ്രഹം നൽകിയ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്‌ക്കുന്നുവെന്നായിരുന്നു ബാൻസുരി എക്‌സിൽ കുറിച്ചത്. ഏപ്രിൽ 19ന് ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.















