പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ് ലൈൻ നമ്പർ ആരംഭിച്ച് കേന്ദ്രസർക്കാർ. സിഎഎ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ 1032 എന്ന സൗജന്യ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. രാവിലെ എട്ട് മണിക്കും രാത്രി എട്ട് മണിക്കും ഇടയിൽ ഇന്ത്യയിലെവിടെ നിന്നും വിളിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി മാർച്ച് 15ന് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെൽപ് ലൈൻ സംവിധാനവും ആരംഭിച്ചിരിക്കുന്നത്. കൂടാതെ പൗരത്വത്തിനായി അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടലും സജ്ജമാണ്.
മാർച്ച് 11-നായിരുന്നു നിർണായകമായ സിഎഎ-2019 നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതുപ്രകാരം 2014 ഡിസംബർ 31ന് മുൻപായി ഇന്ത്യയിലെത്തിയവർക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഭാരതത്തിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്റ്റ്യൻ മതവിഭാഗങ്ങളിലുള്ളവർക്കാണ് സിഎഎ പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാൻ സാധിക്കുക.