ബ്രിട്ടണിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഭാരതത്തെ സ്വതന്ത്രമാക്കാൻ ധീരത കാണിച്ച മഹായോദ്ധാവ് വിനായക് ദാമോദർ സവർക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഇന്ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് താരം രൺദീപ് ഹൂഡയാണ് വീർ സവർക്കറായി ചിത്രത്തിലെത്തുന്നത്. സവർക്കറിന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.
മഹേഷ് മഞ്‌ജേക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വീർ സവർക്കർ, സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് നിർമ്മിക്കുന്നത്. മഹേഷ് മഞ്‌ജേക്കറും റിഷി വിർമാനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, മറാത്തി ഭാഷകളിലാണ് സിനിമ തിയേറ്ററുകളിലെത്തുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ തിയേറ്ററുകളിലും വീർസവർക്കർ പ്രദർശനത്തിനെത്തും.
ബ്രിട്ടീഷുകാർക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും ഭയാനകമായ കാലാപാനി ജയിലുകളിലെ ദുരവസ്ഥയും വരച്ചുകാണിക്കുന്നതാണ് സിനിമ. മാർച്ച് അഞ്ചിന് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലർ തന്നെ വൻ തരംഗമാണ് സൃഷ്ടിച്ചത്.















