തൃശൂർ: ജാതി അധിക്ഷേപത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം അറിയിച്ച് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കൃത്യമായും നിയമപരമായി നേരിടേണ്ട വിഷയമാണിതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ രാമകൃഷ്ണന് ഞാൻ വേദി നൽകും. എന്റെ കുടുംബത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ പങ്കെടുപ്പിക്കും. അദ്ദേഹത്തിന് മോഹിനിയാട്ടത്തിനായുള്ള കൂടുതൽ വേദികൾ ഒരുക്കി പരിപാടികൾക്ക് ക്ഷണിക്കും. മാത്രമല്ല കൃത്യമായും നിയമപരമായും നേരിടേണ്ട വിഷയങ്ങളാണ് ഇവയെല്ലാം. ചില വിഷയങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമവും വിവാദങ്ങൾക്ക് പിന്നിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എന്നെയാണ് വേട്ടയാടിയത്. എന്നാൽ ക്രൂശിക്കുന്നതിന് മുൻപ് ഉയിർപ്പുണ്ടായി എന്ന്് കണ്ടപ്പോൾ അതിനെ മൂടിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു.’ സുരേഷ് ഗോപി പറഞ്ഞു.
കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നിരവധി പേരാണ് ഇതിനോടകം വിമർശനവുമായി എത്തിയിരിക്കുന്നത്. എന്നാൽ തന്റെ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ഇന്നലെ സത്യഭാമ ജൂനിയർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണം. കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. മത്സരങ്ങളിൽ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട് എന്നൊക്കെയായിരുന്നു സത്യഭാമ ജൂനിയർ പറഞ്ഞത്.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നുമുള്ള വിവാദ പ്രസ്താവനയായിരുന്നു സത്യഭാമ ജൂനിയറിന്റേത്.