സിപിഎം നേതാവ് വഴിയാണ് കലാമണ്ഡലത്തിൽ കയറിയതെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. ബ്രാഞ്ച് കമ്മറ്റികളിൽ എന്നോട് അപേക്ഷ നൽകാൻ പറഞ്ഞുവെന്നും അപ്രകാരം ചെയ്തുവെന്നും അവർ പറഞ്ഞു.
ചില പരിപാടികൾക്ക് അതിഥിയായ ചിലർ വിളിക്കും. അത്തരത്തിൽ വിളിച്ചവരുടെ കൂട്ടത്തിലൊരു സിപിഎമ്മിന്റെ നേതാവുണ്ടായിരുന്നു. ടീച്ചർ ഇത്രയധികം സീനിയർ ആയിട്ടും പോലും ഒരു സ്ഥലത്ത് എന്താ കയറാത്തതെന്ന് രാഷ്‌ട്രീയ പ്രവർത്തകൻ ചോദിച്ചു. സാറേ എല്ലാം പിടിയും വലിയുമൊക്കെയല്ലേ. നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും അവർ പറഞ്ഞു.
ഞാനൊരു സ്പെല്ലിംഗ് മിസ്റ്റേക്കുമായി നടക്കുന്നയാളുമല്ല. അപ്പോൾ പിന്നെ ഇത്തിരി പാടല്ലേ കിട്ടാൻ എന്ന് ഞാൻ പറഞ്ഞു. അതിനെന്താ ഞങ്ങൾ കയറട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കയറിയതിന് പിന്നാലെ ബ്രാഞ്ച് കമ്മിറ്റിയിലും മറ്റിടങ്ങളിലും അപേക്ഷ കൊടുക്കാൻ നിർദ്ദേശിച്ചു. അപ്രകാരം ചെയ്തു. അങ്ങനെയാണ് കലാമണ്ഡലത്തിൽ കയറിയതെന്നും അവർ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രശസ്ത നർത്തകനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ ജൂനിയർ അധിക്ഷേപിച്ചത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ‘മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല’- എന്നാണ് സത്യഭാമ അധിക്ഷേപിച്ചത്.
ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് കലാമണ്ഡലം അറിയിച്ചു. കേരള കലാമണ്ഡലത്തിലെ പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.