കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ക്യാമ്പസിലെ ജീവനക്കാരെ അകത്തേക്ക് വിടാതെ ക്ലാസ് മുടക്കിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിഷേധം തുടങ്ങിയത്.
രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഡീൻ നിർദ്ദേശം നൽകിയിരുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാന്റീൻ പ്രവർത്തിക്കുക എന്നും ഡീൻ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാത്രി വൈകി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്യാന്റീൻ നേരത്തെ അടയ്‌ക്കുമെന്ന ഡീനിന്റെ നിർദ്ദേശം. ആരോഗ്യം മോശമായാൽ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് സർക്കുലറിൽ പറയുന്നു. സർക്കുലറിൽ പറയുന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.