ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുപ്പത്തൂർ ഗ്രാമത്തിൽ 600 വർഷം പഴക്കമുള്ള വീരക്കല്ല് കണ്ടെത്തി. വന്യമൃഗത്തിൽ നിന്ന് ആളുകളെയും വളർത്തു മൃഗങ്ങളെയും രക്ഷിച്ച വീരനായകനെ ആദരിക്കുന്നതിനുള്ള കൊത്തുപണികളോടുകൂടിയ ഫലകമാണ് കണ്ടെത്തിയത്.
തിരുപ്പത്തൂരിന്റെ ചരിത്രത്തെക്കുറിച്ച് ഫീൽഡ് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന തിരുപ്പത്തൂർ സേക്രഡ് ഹാർട്ട് കോളേജിലെ പ്രൊഫസർ ഡോ. എ പ്രബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
തിരുപ്പത്തൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഗുമ്മിഡിഗംപട്ടി വില്ലേജിലെ കാരക പൂസരി വട്ടം പ്രദേശത്തെ മാമ്പഴത്തോട്ടത്തിലാണ് പ്രൊഫസറും സംഘവും ഈ “പുലിക്കുത്തി പട്ടൻ കല്ല്” കണ്ടെത്തിയത്. എ പ്രബു ഇതുവരെ 136 അപൂർവ പുരാവസ്തുക്കൾ കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുത്ത വീരനെ ആദരിക്കുന്ന ഫലകമാണ് പുലിക്കുത്തി പട്ടൻ കല്ല് അഥവാ “പുലിക്കുത്തി കല്ല്”. ആ ശ്രമത്തിനിടെ ജീവൻ ബലിയർപ്പിച്ച യോദ്ധാക്കളെ ദൈവങ്ങളായി കണക്കാക്കുകയും മൃഗങ്ങളിൽ നിന്ന് തങ്ങളുടെ ഭൂമിയെ സംരക്ഷിച്ച ധീരരായ ആത്മാക്കളെ പ്രാചീന കാലത്ത് ഗ്രാമവാസികൾ ആദരിക്കുകയും ചെയ്തു പോന്നിരുന്നു. ഇപ്പോൾ കണ്ടെത്തിയ ഫലകത്തിന് 4 ½ അടി വീതിയും 4 അടി ഉയരവുമുണ്ട്.
കടുവയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ധീരനായ യോദ്ധാവിനെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇടതുകൈയിൽ കഠാരയും വലതുവശത്ത് വാളും പിടിച്ചിരിക്കുന്ന ആളാണ് ദൃശ്യത്തിൽ. വലതു കൈയിൽ ഒരു ഭരണിയും പിടിച്ച് യോദ്ധാവിന്റെ അരികിൽ നിൽക്കുന്ന ഒരു ചെറിയ രൂപം ഒരുപക്ഷേ ആ ധീരന്റെ ഭാര്യയാകാം. ഇതിൽ മനുഷ്യൻ ഉപയോഗിക്കുന്ന കഠാരയെ ‘കട്ടാരി’ എന്നാണ് അറിയപ്പെടുന്നത്.
സ്ലാബിന്റെ ചരിത്രവും പ്രാധാന്യവും ജനങ്ങളോട് പറയുന്നതിനായി സ്ലാബിന് സമീപം ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടുണ്ടെന്നും ഡോ. പ്രബു പറഞ്ഞു.
തെക്കൻ ആർക്കോട്, വടക്കൻ ആർക്കോട്, തിരുവണ്ണാമലൈ, ഈറോഡ്, സേലം, ധർമ്മപുരി, തുടങ്ങി തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലാണ് വീരക്കല്ലുകൾ പ്രധാനമായും കാണപ്പെടുന്നത്.. അവയിൽ തന്നെ തിരുപ്പത്തൂർ മേഖലയിലാണ് ഇവ ധാരാളമായി കണ്ടെത്തിയിട്ടുള്ളത്. തേൻപെന്നൈ നദീതടത്തിൽ, പ്രത്യേകിച്ച് തിരുപ്പത്തൂർ, തിരുവണ്ണാമലൈ, ധർമ്മപുരി ബെൽറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇതുവരെ 1,000 വീരശിലകൾ കണ്ടെത്തിയിട്ടുണ്ട്. ഹീറോ സ്റ്റോൺ എന്ന വിഭാഗത്തിൽ പെടുന്ന ഈ കല്ലുകൾ പ്രധാനമായും വീരക്കല്ല്, മഹാ സതിക്കല്ല്, പുലിക്കുത്തി കല്ല് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ തങ്ങളുടെ രാജ്യം വിജയിക്കുന്നതിനും രാജാവിനെ ഏതെങ്കിലും ചതിയിൽ നിന്ന് രക്ഷിക്കുന്നതിനും വേണ്ടി ബലിദാനിയായ വീരന്റെ ഓർമ്മക്കാണ് വീരക്കല്ല് സ്ഥാപിക്കുന്നത്. നായകനോടൊപ്പം ഒരു സ്ത്രീയെ കാണിച്ചാൽ, നായകന്റെ മരണശേഷം നായകന്റെ ഭാര്യ സതി സ്വീകരിച്ചു എന്നർത്ഥം. ഇത്തരത്തിലുള്ള ഫലകങ്ങൾ “മഹാ സതി കല്ലുകൾ” എന്ന് വിളിക്കപ്പെടുന്നു.