കോഴിക്കോട്: കരിപ്പൂരിൽ സ്വർണം കൈക്കലാക്കിയ ആളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വിദേശത്ത് നിന്ന് കൊടുത്തയച്ച സ്വർണം കൈക്കലാക്കിയ ആളെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഘത്തിലെ 8 പേർ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ആഴ്ച ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ കൊണ്ടുവന്ന സ്വർണം കള്ളക്കടത്തു സംഘത്തിലെ ഏജന്റിന് ലഭിച്ചിരുന്നില്ല. യാത്രക്കാരൻ മറ്റൊരാൾക്കാണ് സ്വർണം കൈമാറിയത്. ഇതറിഞ്ഞ സംഘം സ്വർണം കൈക്കലാക്കിയ ആളെ തട്ടിക്കൊണ്ടു പോകാനായി ഇന്ന് രാവിലെ കരിപ്പൂരിൽ എത്തിയപ്പോഴാണ് പിടിയിലായത്.
മൊറയൂർ സ്വദേശികളായ സുബൈർ (27), അലി അക്ബർ (33), സൽമാൻ ഫാരിസ് (36), യാർബാഷ് (27), മുഹമ്മദ് സ്ഫ്‌വാൻ (33), ജാഫർ (28), കോളജ് റഫീഖ് (39), മുഹമ്മദ് അസ്‌ക്കർ (31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുള്ള കൂടുതൽ ആളുകൾ പിടിയിലാകാനുണ്ടെന്ന് കരിപ്പൂർ സിഐ പറഞ്ഞു.
കരിപ്പൂർ നൂഹ്‌മാൻ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളെ തട്ടിക്കൊണ്ടു പോയി സ്വർണം വീണ്ടെടുക്കുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.















