തൃശൂർ: കലാകാരന്മാരെ ജാതിയുടെയും വർണത്തിന്റെയും പേരിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ആർഎൽവി കോളേജിലെ വിദ്യാർത്ഥികൾ. അധിക്ഷേപ പരാമർശം പൂർണമായും പിൻവലിക്കണമെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. പ്രതിഷേധ മോഹിനിയാട്ടം അവതരിപ്പിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ വേറിട്ട സമരം തീർത്തത്.
ഞങ്ങൾക്കും അത് അപമാനകരമാണെന്നും കലയെ നിറം നോക്കി വിലയിരുത്തരുതെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. കറുപ്പോ വെളുപ്പോ അല്ല, ഇതൊരു കലയാണ്. അതിനെ നിറം നോക്കി സ്നേഹിക്കേണ്ട കാര്യമില്ല. മാപ്പ് പറയുക തന്നെ വേണം. നിറത്തിലൂടെയല്ല കലാകാരന്മാരെ മനസിലാക്കേണ്ടത്. അവരുടെ പ്രകടനത്തിലൂടെയാണ്. കലാകാരന്മാരെ ഒരിക്കലും അടിച്ചമർത്താൻ അനുവദിക്കില്ല. നിറത്തിന്റെ പേരിൽ ആരെയും അകറ്റി നിർത്താൻ സാധിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സസത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പല ഭാഗങ്ങളിലും ഇത്തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. കലാമണ്ഡലം സത്യഭാമ ജൂനിയർ മാപ്പ് പറയുന്നത് വരെ പ്രതിഷേധിക്കുമെന്ന് ആർഎൽവി കോളേജ് പ്രിൻസിപ്പൾ ഉൾപ്പെടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.