കോഴിക്കോട്: ജാതിയും നിറവും നോക്കി കലയെ അളക്കുന്നത് ശരിയല്ലെന്ന് പി.സി ജോർജ്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്കറിയില്ല. കാരണം ഞാനൊരു കലാകാരനല്ല. പക്ഷേ ഒന്നറിയാം സ്ത്രീയാണോ പുരുഷനാണോ എന്നു നോക്കിയും ജാതിയോ നിറമോ നോക്കിയും കലയെ അളക്കരുതെന്ന്.. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ താരം വിനീതിനെ പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്ക് പോലും സാധിച്ചെന്ന് വരില്ല. വിധികർത്താക്കളുടെ മുന്നിലേക്ക് രണ്ട് നിറത്തിലുള്ളവരും മത്സരിക്കാൻ എത്തിയേക്കും. വെളുത്തകുട്ടിയോട് ആഭിമുഖ്യം ഇക്കൂട്ടർക്ക് തോന്നിയേക്കാം. ഇത് മറികടക്കാൻ മേക്കപ്പ് ഇട്ടാൽ മതിയെന്നും പി.സി.ജോർജ് പറഞ്ഞു. ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ വംശീയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് സത്യഭാമ ജൂനിയർ പരാമർശങ്ങൾ നടത്തിയത്. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കാൻ യോജിച്ചവരല്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു പരാമർശം. പേരെടുത്ത് പറയാതെയുള്ള ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായെത്തിയത്.
അതേസമയം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നുമാണ് സത്യഭാമയുടെ വാദം. സംഭവത്തിൽ സത്യഭാമ ജൂനിയറിനെതിരെ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.