തിംഫു: ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദ ഡ്യൂക്ക് ഗ്യാൽപോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിൽ സന്തോഷം പങ്കുവച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ. ദ്വദിന ദർശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ മുഴുവൻ ജനതയുടെ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” ഒരുപാട് തിരക്കുകൾക്കിടയിലും ഭൂട്ടാൻ സന്ദർശിക്കാൻ സമയം കണ്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യം തന്നെ നന്ദി അറിയിക്കുന്നു. പ്രതികൂല കാലാവസ്ഥയൊക്കെ തരണം ചെയ്താണ് അദ്ദേഹം ഭൂട്ടാനിൽ നേരിട്ടെത്തിയത്. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി അദ്ദേഹത്തിന് ലഭിച്ചതിൽ ഞാൻ ഭൂട്ടാനിലെ മുഴുവൻ ജനങ്ങളുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.”- ദാഷോ ഷെറിംഗ് ടോബ്‌ഗേ പറഞ്ഞു.
ബഹുമതി ഏറ്റുവാങ്ങാൻ പ്രധാനമന്ത്രി നേരിട്ടെത്തിയതിൽ ഭൂട്ടാൻ ജനതയ്‌ക്ക് അതിയായ സന്തോഷമുണ്ടെന്നും തന്റെ സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ഭൂട്ടാൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 13ാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിരവധി സഹായങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനായി നൽകിയിരിക്കുന്നത്. ഇതിൽ ഭൂട്ടാനിലെ മുഴുവൻ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും ഷെറിംഗ് ടോബ്‌ഗേ വ്യക്തമാക്കി.
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന 5ാമത്തെ വ്യക്തിയും പുരസ്‌കാരം ലഭിക്കുന്ന ഭൂട്ടാൻ പൗരനല്ലാത്ത ആദ്യ വ്യക്തിയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2021 ഡിസംബർ 17ന് ഭൂട്ടാന്റെ 114-ാം ദേശീയദിന ആഘോഷത്തിനിടെയായിരുന്നു പരമോന്നത സിവിലിയൻ ബഹുമതി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുമെന്ന് ഭൂട്ടാൻ രാജാവ് പ്രഖ്യാപിച്ചത്.















