ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിന് തുടക്കമായി. ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ബോളിവുഡ് താരങ്ങളുടെ കലാപരിപാടികളോടെയാണ് ഈ സീസണിന് വർണാഭമായ തുടക്കമായത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരും സംഗീതജ്ഞൻ എ.ആർ റഹ്‌മാനും ഗായകൻ സോനു നിഗവുമെല്ലാം പാട്ടും മറ്റു കലാപരിപാടികളുമായി കാണികളെ ആവേശത്തിലാഴ്‌ത്തി. മോഹിത് ചൗഹാന്റെയും നീതിയ മോഹന്റെയും ഗാനങ്ങളും നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ പുളകം കൊള്ളിച്ചു.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികൾ. ടോസ് നേടിയ ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 31മത്സരങ്ങളിലാണ് ആർസിബിയും സിഎസ്‌കെയും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 20 തവണയും വിജയം ചെന്നൈക്കൊപ്പമായിരുന്നു.
എം. എസ് ധോണിയും വിരാട് കോലിയും നേർക്കുനേർ വരുന്നത് മത്സരത്തിന്റെ മാറ്റ് കൂട്ടും. അപ്രതീക്ഷിതമായി ഇന്നലെ നായകസ്ഥാനം ഒഴിഞ്ഞ എം.എസ് ധോണിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. 16 വർഷത്തെ കിരീട വരൾച്ചയ്‌ക്ക് വിരാമമിടുകയാണ് ആർസിബിയുടെ ലക്ഷ്യം.