ന്യൂഡൽഹി: ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകളിലേക്കുള്ള ഉപരിപഠനവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദ്ദേശം പങ്കുവച്ച് യുജിസി. ഉപരിപഠനത്തിന് കോഴ്‌സും സർവകലാശാലയും ജാഗ്രതയോടെ തിരഞ്ഞെടുക്കണമെന്ന് യുജിസി മുന്നറിയിപ്പ് നൽകി. പഠിക്കാൻ താത്പര്യമുള്ള സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകളിലെ വിശദാംശങ്ങൾ എന്തെല്ലാമെന്ന് വിദ്യാർത്ഥികൾ കൃത്യമായി മനസിലാക്കിയിരിക്കണം.
കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ അവരുടെ വെബ്‌സൈറ്റിൽ യുജിസി അംഗീകാരം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. നിലവിൽ എൻജിനീയറിംഗ്, മെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഫാർമസി, നഴ്‌സിംഗ്, ഡെന്റൽ, ആർക്കിടെക്ചർ, നിയമം, കൃഷി, ഹോർട്ടികൾച്ചർ, ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിംഗ് ടെക്‌നോളജി, പാചകശാസ്ത്രം, എയർക്രാഫ്റ്റ്, മെയിന്റനൻസ്, വിഷ്വൽ ആർട്‌സ്,കായികം എന്നീ വിഷയങ്ങളിൽ ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകൾ എന്നിവ നിരോധിച്ചിരിക്കുകയാണ്.
ബിരുദ-ബിരുദാനന്തര തലങ്ങളിലെ യോഗ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളും ഓൺലൈൻ മുഖേന പഠിക്കാനാകില്ല. എംഫിൽ, പിച്ച്ഡി കോഴ്‌സുകളും ഇത്തരത്തിൽ അനുവദനീയമല്ല. ഫ്രാഞ്ചൈസിംഗ് ക്രമീകരണങ്ങളിലൂടെ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനും സർവകലാശാലകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകൾ മുഖേനയുള്ള ബിരുദ, ബിരുദാനന്തര ബിരുദ ഡിപ്ലോമകളും റെഗുലർ ബിരുദ-ബിരുദാനന്തര ബിരുദ-ഡിപ്ലോമകളും തുല്യമാണ്.















