തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള റെയിൽ ലിങ്ക് ഉൾപ്പടെയുള്ള പദ്ധതികളിൽ അന്തിമ തീരുമാനമായി. ഭൂട്ടാനെ റെയിൽമാർഗം ഭാരതത്തെ ബന്ധിപ്പിക്കുന്ന കൊക്രജാർ-ഗെലഫു റെയിൽ ലിങ്ക്, ബനാർഹട്ട്-സാംസെ റെയിൽ ലിങ്ക് എന്നീ രണ്ട് പദ്ധതികൾക്കാണ് ധാരണയായത്.
കൂടാതെ ഊർജ, വ്യാപാര, ഡിജിറ്റൽ കണക്ടിവിറ്റി, ബഹിരാകാശ, കാർഷിക മേഖലകളുമായി ബന്ധപ്പെട്ടും ഇരുരാഷ്‌ട്രത്തലവന്മാരും ചർച്ച നടത്തുകയും വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് എത്തിക്കുന്ന പെട്രോളിയം, എണ്ണ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നിർദിഷ്ട കവാടങ്ങളിലൂടെ (എൻട്രി-എക്സിറ്റ് പോയിന്റ്) ഭൂട്ടാനിലേക്കുള്ള ഉത്പന്നങ്ങളുടെ വിതരണം സുഗമമായി പുരോഗമിക്കുമെന്നും ധാരണാപത്രത്തിൽ പറയുന്നു.
ഭൂട്ടാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (BFDA) ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) തമ്മിൽ കരാറിലേർപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രസ്തുത കരാറിലൂടെ ഇരുരാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി-ഇറക്കുമതി നടപടിക്രമങ്ങൾ എളുപ്പമാകും. ഇതിലൂടെ വ്യാപാര സാധ്യതകൾ വർദ്ധിക്കും.















