വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചു . താൻ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നും കേറ്റ് വെളിപ്പെടുത്തി. ‘ ഞാൻ സുഖമായിരിക്കുന്നു, ഓരോ ദിവസവും ശക്തയാകുന്നുവെന്ന് ‘ വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഏത് തരത്തിലുള്ള ക്യാൻസറാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ‘ എല്ലാവരോടും ആദ്യം ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾ എനിക്കും എന്റെ കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഈ സമയത്ത്, എന്നെയും എന്റെ കുടുംബത്തെയും പിന്തുണയ്ക്കുന്നതിനും നിരവധി സന്ദേശങ്ങൾ നൽകുന്നതിനും ഞാൻ നിങ്ങളോട് നന്ദി പറയുന്നു . എനിക്ക് നല്ലൊരു മെഡിക്കൽ ടീം ഉണ്ടായിരുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. ‘ എന്നാണ് വീഡിയോയിൽ പറയുന്നത്.
ജനുവരിയിൽ ലണ്ടനിൽ വച്ച് വയറ്റിൽ ശസ്ത്രക്രിയ നടത്തിയതായി കേറ്റ് പറഞ്ഞു. എന്നാൽ ഇക്കാലയളവിൽ ക്യാൻസർ പോലുള്ള അസുഖങ്ങളൊന്നും ബാധിച്ചതായി കണ്ടെത്തിയിരുന്നില്ല . അതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത് .
‘ ക്യാൻസർ ആണെന്ന് കണ്ടെത്തിയതോടെ ഞാൻ വളരെ പരിഭ്രാന്തയായി. എനിക്ക് വലിയ ഞെട്ടലായിരുന്നു. സ്വകാര്യത നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട് . ഞാൻ സുഖമായിരിക്കുന്നു, തുടർച്ചയായി സുഖം പ്രാപിക്കുന്നു. എന്റെ ചികിത്സ പൂർത്തിയാക്കാൻ എനിക്ക് സമയവും സ്ഥലവും സ്വകാര്യതയും ആവശ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . – ‘ കേറ്റ് പറഞ്ഞു.