ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കന്നട നടൻ ശിവരാജ്കുമാറിന്റെ സിനിമകളും പരസ്യബോർഡുകളും നിരോധിക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ താരപരിവേഷം ഉപയോഗപ്പെടുത്തി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നീക്കം.
ശിവരാജ്കുമാറിന്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ഭാര്യയ്‌ക്ക് വേണ്ടി ശിവരാജ് കുമാർ കോൺഗ്രസിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് തന്റെ സിനിമകളും പരസ്യങ്ങളും ഉൾപ്പെടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ നടൻ ദുരുപയോഗിക്കുകയാണെന്നും കർണാടക ബിജെപി ഒബിസി മോർച്ച വിംഗ് പ്രസിഡന്റ് ആർ.രഘു തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ ആരോപിക്കുന്നു
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാതെ സംസ്ഥാനമൊട്ടാകെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നടൻ പങ്കെടുക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. പക്ഷേ ഒരു നടനെന്ന നിലയിൽ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കിടയിൽ നടത്തുന്ന അനാവശ്യ സ്വാധീനം തടയേണ്ടത് അത്യന്താപേക്ഷിതമാണ്. ആർ രഘു പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത്, സിനിമാ തിയേറ്ററുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ശിവരാജ്കുമാറിന്റെ സിനിമകൾ, പരസ്യങ്ങൾ, പരസ്യബോർഡുകൾ എന്നിവ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ നിരോധിക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
28 ലോക്സഭാ സീറ്റുകളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. ഏപ്രിൽ 26 നും മെയ് 7നുമാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.















