തൃശൂർ: ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഈ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിൽ വച്ചാണ് ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥിയായിരുന്നു രാമകൃഷ്ണൻ. എന്നാൽ ആദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു അവസരം കിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണമെന്നും ഇയാളെ കണ്ടാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നുമുള്ള വിവാദ പ്രസ്താവനയും സത്യഭാമ ജൂനിയർ നടത്തിയിരുന്നു.
കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നിരവധി പേരാണ് ഇതിനോടകം വിമർശനവുമായി എത്തിയിരിക്കുന്നത്. എന്നാൽ തന്റെ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് സത്യഭാമ ജൂനിയർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണം. കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. മത്സരങ്ങളിൽ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട് എന്നൊക്കെയായിരുന്നു സത്യഭാമ ജൂനിയറിന്റെ വാദം.