ഇസ്ലാമാബാദ്: ഖുറാനിലെ ഏതാനും പേജുകൾ കത്തിച്ചതിന് 40 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പഞ്ചാബ് പ്രവിശ്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്. ലാഹോർ സ്വദേശിയായ ആസിയ ബീബിയെ അയൽവാസികളുടെ പരാതിയെ തുടർന്ന് 2021ലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതി വീടിന് പുറത്ത് ഖുറാൻ കത്തിച്ചതായി ആരോപിച്ചാണ് അറസ്റ്റ്. മതനിന്ദ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങളാണ് യുവതിക്കെതിരെ പൊലീസ് ചുമത്തിയത്.
യുവതി മതനിന്ദ കാണിച്ചിട്ടില്ലെന്നും അൽവാസികൾ തമ്മിലുള്ള വഴക്കാണ് കേസിലെത്തിയതെന്നും ആസിയയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മറ്റേതോ പുസ്തകമാണ് അവർ കത്തിച്ചതെന്നും കോടതി മുൻപാകെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ കത്തിച്ച ഖുറാന്റെ ബാക്കി ഭാഗം ആസിയയിൽ നിന്ന് പിടിച്ചെടുത്തതായി പ്രോസിക്യൂട്ടർ വാദിച്ചു. തുടന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ആസിയ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.