ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെട്ടിലായി കോൺഗ്രസ് നേതൃത്വം. ഹിമാചൽ പ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ, സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ബിൻഡാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ കോൺഗ്രസ് പുറത്താക്കിയവരാണ് അംഗത്വം സ്വീകരിച്ച ആറ് എംഎൽഎമാർ. സുധിർ ശർമ, രവി ഠാക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നീ കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ഇവർക്കൊപ്പം രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തവരാണ് ആശിഷ് ശർമ, ഹോഷിയാർ സിംഗ്, കെ.എൽ.ഠാക്കൂർ എന്നീ സ്വതന്ത്ര എംഎൽഎമാർ. ഇവർ ഇന്നലെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.
പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവർക്ക് സാധിക്കും. സുഖ്വീന്ദർ സിംഗ് സുഖു സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഇവർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ചത്. കോൺഗ്രസിന്റെ തെറ്റായ ഉറപ്പുകളും വാഗ്ദാനങ്ങളും കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്. ബിജെപിയുടെ ഭരണനേട്ടങ്ങളിലും വാഗ്ദാനങ്ങളിലും ജനങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. പാർട്ടിയിൽ അംഗത്വമെടുത്ത നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 കടക്കാൻ നിങ്ങൾ പ്രവർത്തിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അംഗത്വം നൽകി കൊണ്ട് അനുരാഗ് ഠാക്കൂർ പറഞ്ഞു.
68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. 2022 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് ആറ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെ കോൺഗ്രസിന്റെ അംഗബലം 34 ആയി ചുരുങ്ങി. ബിജെപിക്ക് 25 സീറ്റുകളാണുളളത്. വരാനിരിക്കുന്ന 9 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്.