തിരുവനന്തപുരം: കറുത്ത നിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച നർത്തകി സത്യഭാമയുടെ പരാമർശം അന്വേഷിക്കണമെന്ന് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കറുത്ത നിറമുള്ള കലാകാരൻമാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്നും കമ്മീഷൻ വ്യക്തമാക്കി. 10 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ ഇടപെട്ടിരിക്കുന്നത്. കറുത്ത നിറമുള്ള എല്ലാ കലാകാരൻമാരെയും സാമൂഹികമായും ജാതിപരമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് സത്യഭാമ നടത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. പ്രസ്താവന നടത്തിയതിന് ശേഷവും സമാനമായ രീതിയിൽ തന്നെയാണ് അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ മാപ്പ് പറയാനോ പ്രസ്താവന പിൻവലിക്കാനോ അവർ തയ്യാറായിട്ടില്ലെന്നും ഇതിൽ അന്വേഷണം ആവശ്യമാണെന്നും കമ്മീഷൻ നിർദേശിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രശസ്ത കലാകാരനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് സത്യഭാമ പരാമർശങ്ങൾ ഉന്നയിച്ചത്. മോഹനിയാട്ടം കളിക്കുന്ന പുരുഷൻമാർ ഭംഗിയുള്ളവരായിരിക്കണമെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും തുടങ്ങിയ അധിക്ഷേപ പരാമർശങ്ങളായിരുന്നു അവർ ഉന്നയിച്ചത്. പരാമർശത്തെ തുടർന്ന് വൻ പ്രതിഷേധങ്ങളാണ് സത്യമായ്‌ക്കെതിരെ ഉയരുന്നത്.