എറണാകുളം : കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധങ്ങൾ പല തലത്തിൽ ഉയർന്നു വരികയാണ്. എന്നാൽ അതിനിടയിൽ നർത്തകിമാരായ രണ്ടു കൊച്ചു കുട്ടികളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധനേടുകയാണ്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂളിലെ എട്ടാം തരം വിദ്യാർഥിനികളായ പി എസ് ആരതിയും പി എസ് ആതിരയുമാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദൈവീകമായി തങ്ങൾക്ക് ലഭിച്ച നൃത്തകലയെ തന്നെയാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ അവർ തിരഞ്ഞെടുത്തത്. ഇരയിമ്മൻ തമ്മി രചിച്ച “കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ” എന്ന കീർത്തനത്തിലെ “ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ” എന്ന് തുടങ്ങുന്ന അനുപല്ലവിയാണ് അവർ ആടിയത്. നിരവധി കീർത്തനങ്ങൾ നൃത്തമാടി ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈ നൃത്തത്തിന് ഒരു വ്യത്യാസമുണ്ടായിരുന്നു. ദേഹത്ത് കറുപ്പ് നിറം പൂശി, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഈ കുട്ടികൾ നൃത്തമാടിയത്.
“അഭിപ്രായം ആർക്കും പറയാം അതു നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷെ ദൈവ സിദ്ധമായ കലയിൽ പോലും കറുപ്പും വെളുപ്പും എന്ന് വേർതിരിച്ചതിൽ എളിയ കലാകാരികൾ എന്ന നിലയിൽ ഞങ്ങളും പ്രതിക്ഷേധിക്കുന്നു. ഒപ്പം ഒരിക്കൽ പോലും കറുപ്പും വെളുപ്പും വേർതിരിക്കാതെ നൃത്തം പഠിപ്പിച്ച് അരങ്ങത്തേറ്റുന്ന ഞങ്ങളുടെ പ്രിയ ഗുരുനാഥയുടെ പാദാരവിന്ദങ്ങളിൽ തൊട്ടു വന്ദിച്ച്. കറുപ്പ് ചായം തേച്ച്, കറുപ്പുടുത്ത്., കാർവർണ്ണന്റെ കീർത്തനനത്തിന് മോഹനിയാട്ട ചുവട് വെച്ച്, ഞങ്ങളും.”
എന്നാണ് അവർ പ്രതിഷേധ സൂചകമായി കുറിച്ചത്.
ഈ കുട്ടികളുടെ പ്രതിഷേധ നൃത്ത വീഡിയോ ആദ്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചത് അച്ഛനായ പാറക്കാട്ട് മന എസ് ശ്യാം കുമാറാണ്. പിന്നീട് ആരതിക്കും ആതിരക്കും സ്വന്തമായുള്ള മീനു ആൻഡ് മിന്നു എന്ന യു ട്യൂബ് ചാനലിലും ഇതേ വീഡിയോ പങ്കുവെച്ചു.
മീനു എന്നും മിന്നു എന്നും വിളിപ്പേരുള്ള ഈ ഇരട്ടകൾ ആലുവ കിഴക്കേ ദേശം നൃത്താഞ്ജലി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന സ്ഥാപനത്തിൽ പ്രിയ സഹദേവൻ എന്ന നൃത്താധ്യാപികയുടെ ശിക്ഷണത്തിൽ ദീർഘകാലമായി അഭ്യസനം നടത്തി വരുന്നു.
ആലുവ ചൊവ്വര പാറക്കാട്ട് മനയിൽ ശ്യാം കുമാറിന്റെയും ജയലക്ഷ്മിയുടെയും മക്കളാണ് ഇവർ.