ഭോപ്പാൽ: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ വ്യക്തി തന്നെ ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലായെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ ജബുവയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഡൽഹിയിൽ അഴിമതിക്കെതിരെ പോരാടുമെന്നും, പാവപ്പെട്ട ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും സത്യസന്ധതയോടെ പ്രവർത്തിക്കണമെന്നും പറഞ്ഞ വ്യക്തിയായിരുന്നു അരവിന്ദ് കെജ്‌രിവാൾ. പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിമാരെല്ലാവരും അഴിമതിക്കേസിൽ ജയിലിൽ പോയ കാഴ്ചയാണ് നാം കണ്ടത്. ഇപ്പോൾ അരവിന്ദ് കെജ്‌രിവാളും ജയിലിൽ പോയിരിക്കുന്നു. അഴിമതി നടത്തില്ലെന്ന് പറഞ്ഞ വ്യക്തി തന്നെ അഴിമതിവീരനായിരിക്കുന്നു.”- മോഹൻ യാദവ് പറഞ്ഞു.
മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ ഇപ്പോഴും അദ്ദേഹത്തിന്റെ പദവി ഒഴിയാൻ തയ്യാറാവുന്നില്ല. ഇതിന് കോൺഗ്രസും പിന്തുണ നൽകുകയാണെന്നും മോഹൻ യാദവ് പറഞ്ഞു. കെജ്‌രിവാളിന്റെ ഗുരു, അണ്ണാ ഹസാരെ പോലും അദ്ദേഹത്തെ തള്ളികളഞ്ഞുവെന്നും മോഹൻ യാദവ് ചൂണ്ടിക്കാട്ടി.















