ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ റിമാൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് കെജ് രിവാൾ ഡൽഹി ഹൈക്കോടതിയിൽ. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഞായറാഴ്ചയ്‌ക്ക് മുമ്പ് അടിയന്തരമായി കേൾക്കണമെന്നും കസ്റ്റഡിയിൽ നിന്നും അടിയന്തിരമായി മോചിപ്പിക്കണമെന്നുമാണ് കെജ്‍രിവാളിന്റെ ആവശ്യം.
നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് കെജ്‌രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം. ഇഡി അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കെജ്‌രിവാൾ മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിൽ നിന്നും കെജ് രിവാളിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ഡൽഹി റോസ് അവന്യൂ കോടതി കെജ്‌രിവാളിന് ജാമ്യം നിരസിച്ച് ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിടുകയും ചെയ്തു.
മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരൻ കെജ്‌രിവാൾ ആണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. വാട്സ്ആപ്പ് ചാറ്റുകളും കോൾ റെക്കോർഡിംഗുകളും അടക്കം നിരവധി തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി അറിയിച്ചിരുന്നു. നയരൂപീകരണത്തിൽ നേരിട്ട് പങ്കാളിയായിരുന്നു ഡൽഹി മുഖ്യമന്ത്രി. മദ്യശാലകൾക്ക് അനുകൂലമായ നയം തയ്യാറാക്കുന്നതിനായി കെജ്‌രിവാൾ പണം ആവശ്യപ്പെടുകയും സ്വരൂപിക്കുകയും ചെയ്തു. കോഴയായി വാങ്ങിയ തുക ഗോവയിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.















