ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വിധി പുനഃപരിശോധിക്കണമെന്നും ഞായറാഴ്ചയ്‌ക്ക് മുമ്പ് അടിയന്തരമായി കേൾക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി നൽകിയ ഹർജിയാണ് കോടതി നിരസിച്ചത്.
ഹോളി ആയതിനാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതി അവധിയായിരിക്കും. അതിനാലാണ് ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്. അതേസമയം, കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഇഡി ഓഫിസിലെത്തി കെജ്‌രിവാളിനെ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി കെജ് രിവാളിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. ഡൽഹി റോസ് അവന്യൂ കോടതി കെജ്‌രിവാളിന് ജാമ്യം നിരസിച്ച് ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിടുകയും ചെയ്തു.
മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരൻ കെജ്‌രിവാൾ ആണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. വാട്സ്ആപ്പ് ചാറ്റുകളും കോൾ റെക്കോർഡിംഗുകളും അടക്കം നിരവധി തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി അറിയിച്ചിരുന്നു. നയരൂപീകരണത്തിൽ നേരിട്ട് പങ്കാളിയായിരുന്നു ഡൽഹി മുഖ്യമന്ത്രി. മദ്യശാലകൾക്ക് അനുകൂലമായ നയം തയ്യാറാക്കുന്നതിനായി കെജ്‌രിവാൾ പണം ആവശ്യപ്പെടുകയും സ്വരൂപിക്കുകയും ചെയ്തു. കോഴയായി വാങ്ങിയ തുക ഗോവയിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.















