ന്യൂഡൽഹി: എൻഡിടിവിയുടെ ‘ഡയറക്ടർ ഓഫ് ദി ഇയർ’ പുരസ്കാരം സ്വന്തമാക്കി ജവാൻ സംവിധായകൻ അറ്റ്ലി. ന്യൂഡൽഹിയിൽ വച്ച് നടന്ന ‘ഇന്ത്യൻ ഓഫ് ദി ഇയർ’ ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് പുരസ്കാരം സമ്മാനിച്ചത്. ഭാര്യ കൃഷ്ണ പ്രിയയോടൊപ്പമായിരുന്നു അറ്റ്ലി ചടങ്ങിനെത്തിയത്.
ഷാരൂഖ് ഖാനോടൊപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അറ്റ്ലി വെളിപ്പെടുത്തി. ഷാരൂഖ് ഖാൻ എന്നത് ഒരു ഗ്ലോബൽ ഐക്കണാണ്. അദ്ദേഹം കഴിഞ്ഞ 30 വർഷം കൊണ്ട് സമ്പാദിച്ച ‘മാസ് സോൺ’ ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിലൂടെ സമൂഹത്തിന് ഒരു സന്ദേശം കൈമാറണമെന്നും ആഗ്രഹിച്ചു. അങ്ങനെയാണ് ജവാൻ യാഥാർത്ഥ്യമായതെന്നും അറ്റ്ലി തുറന്നുപറഞ്ഞു.
യന്തിരൻ (2010), നൻബൻ (2012) എന്നീ ചിത്രങ്ങളിൽ സംവിധായകൻ എസ്. ശങ്കറിനൊപ്പം സഹസംവിധായകനായി 19-ാം വയസിലാണ് അറ്റ്‌ലി തന്റെ കരിയർ ആരംഭിച്ചത്. ജവാന് മുൻപ് രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ചിത്രങ്ങൾ അറ്റ്‌ലി സംവിധാനം ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജവാൻ. ബോക്‌സ് ഓഫീസിൽ 1000 കോടി കളക്ഷൻ നേടി, ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി ജവാൻ മാറുകയായിരുന്നു.