പോർട്ട് മോർസ്ബി: വടക്കൻ പാപുവ ന്യൂഗിനിയയെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ സുനാമി മുന്നറിയിപ്പുകൾ നിലനിൽക്കുന്നില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 6.22-നായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ഏകദേശം 35 കിലോമീറ്റർ താഴ്ചയിലാണ് കുലുക്കം അനുഭവപ്പെട്ടതെന്നാണ് പഠന കേന്ദ്രങ്ങൾ നൽകുന്ന വിവരം. 25,000-ത്തിലേറെ പേർ താമസിക്കുന്ന വെവാക്ക് എന്ന സ്ഥലത്തിന് തെക്കുപടിഞ്ഞാറാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പങ്ങൾ അധികവും അനുഭവപ്പെടുന്ന റിംഗ് ഓഫ് ഫയർ മേഖലയിൽപ്പെട്ട സ്ഥലമാണ് പാപുവ ന്യൂഗിനിയയും. കാട് പ്രദേശങ്ങളിൽ ആളപായമോ നാശ നഷ്ടമോ ഉണ്ടാകുന്നില്ലെങ്കിലും മണ്ണിടിച്ചിലിന് ഇത്തരം ഭൂകമ്പങ്ങൾ കാരണമാകുന്നുവെന്ന് വിദഗ്ധർ പറയുന്നു.