കൊല്ലം: മീൻകറി വച്ചു കൊടുക്കാത്തതിനെ തുടർന്ന് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്‌ക്കകം സ്വദേശി ദ്രൗപദി(60) ആണ് മരിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ദ്രൗപദി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകൻ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.
കഴിഞ്ഞ 16-ാം തീയതിയാണ് പ്രമോദ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. സ്ഥിരമദ്യപാനിയായിരുന്ന ഇയാൾ അമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നു. സംഭവ ദിവസം ഉച്ചയ്‌ക്കും മദ്യപിച്ചെത്തിയ ഇയാൾ മീൻ വാങ്ങി കൊടുക്കുകയും കറിയുണ്ടാക്കി വയ്‌ക്കാനും പറഞ്ഞു. എന്നാൽ ഇയാൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മീൻകറി വയ്‌ക്കാത്തതിനെ തുടർന്ന് അമ്മയെ കമ്പിവടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും തല ചുവരിൽ ഇടിപ്പിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ അമ്മ മറിഞ്ഞു വീണതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. കോട്ടയ്‌ക്കകത്തെ ഒറ്റമുറി വീട്ടിലാണ് പ്രമോദിനും വിദേശത്തുള്ള മകളുടെ മക്കൾക്കുമൊപ്പം ദ്രൗപദി താമസിച്ചിരുന്നത്. ഓട്ടോ ഡ്രൈവറാണ് പ്രമോദ്.