ലേ: സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് കേന്ദ്രമന്ത്രി ഹോളി ആഘോഷിച്ചത്. വർണങ്ങൾ വിതറിയും മധുരം വിതരണം ചെയ്തും രാജ്നാഥ് സിംഗിനോടൊപ്പം ഉദ്യോഗസ്ഥരും ഹോളി ആഘോഷത്തിൽ പങ്കെടുത്തു.
രാജ്യത്തെ സംരക്ഷിക്കുന്നതിനായുള്ള ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നുവെന്ന് ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു. “ലഡാക്ക് സാധാരണ ഭൂമിയല്ല. രാജ്യത്തിന്റെ തീരുമാനങ്ങളെ പ്രതിനിധീകരിക്കുന്ന ഇടമാണ് ലഡാക്ക്. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം ന്യൂഡൽഹി എന്നതുപോലെ, സാമ്പത്തിക തലസ്ഥാനം മുംബൈ എന്നതുപോലെ ധീരതയുടെയും വീര്യത്തിന്റെയും തലസ്ഥാനമാണ് ലഡാക്ക്”- രാജ്നാഥ് സംഗ് പറഞ്ഞു.
രാജ്യത്തുടനീളമായി ഇന്നും നാളെയുമാണ് ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി നാളെ സിയാച്ചിനിൽ വിന്യാസിച്ചിരിക്കുന്ന സേനാംഗങ്ങളെ സന്ദർശിക്കുമെന്ന് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. കാരക്കോറം പർവതനിരകളിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക മേഖലയായും ഇവിടം അറിയപ്പെടുന്നു. 1984 ഏപ്രിലിൽ നടന്ന ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ പൂർണ നിയന്ത്രണത്തിലാക്കിയത്.