വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. ‘ജാമിദ ടീച്ചർ ടോക്‌സ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കെ. ജാമിദക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പട്രോളിംഗ് നടത്തി വരുന്നതിനിടെ വീഡിയോ വൈത്തരി എസ്‌ഐ പ്രശോഭ് പി.വിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചാനലിലെ മറ്റു വീഡിയോകൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.