മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് അർജുൻ അശോകൻ. അടുത്തിടെയിറങ്ങിയ ഭ്രമയുഗം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ആരാധകർ ഏറെയാണ്. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റ് പട്ടികയിലിടം പിടിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയുഗത്തിലെ അർജുന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവക്കുകയാണ് താരം.
“ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് വിസ്മയാ സ്റ്റുഡിയോയിൽ വച്ചാണ്. ആ സമയത്ത് പറവ സിനിമയ്‌ക്ക് വേണ്ടി ഞാൻ തല മൊട്ടയടിച്ചിരുന്നു. ഞാൻ മമ്മൂക്ക ഇരിക്കുന്നിടത്ത് പോയപ്പോൾ നീ എപ്പോൾ തല മൊട്ടയടിച്ചു എന്ന് എന്നോട് ചോദിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടിപോയി. അദ്ദേഹം എന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്ക് അപ്പോൾ മനസിലായി”.
‘മമ്മൂക്ക പറവയിലെ സീനൊക്കെ കണ്ടിട്ടിണ്ട്. മമ്മൂക്കായെ കണ്ടാൽ എപ്പോഴും ഞാൻ കുറച്ചു നേരം നോക്കി നിൽക്കും. അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും സന്തോഷവും എക്സൈറ്റ്മെന്റുമാണ്. ശരിക്കും മമ്മൂക്കയോടൊപ്പം പടം ചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്’- അർജുൻ അശോകൻ പറഞ്ഞു.