ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവുമായ നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവടെയാണ് അംഗത്വം നൽകി സ്വീകരിച്ചത്. ജിൻഡാൽ സ്റ്റിൽ ആൻഡ് പവർ ലിമിറ്റഡിന്റെ ചെയർമാനാണ് നവീൻ ജിൻഡാൽ.
കോൺഗ്രസ് മുൻ എംപിയായ അദ്ദേഹം പത്ത് വർഷത്തോളം കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2004ലും 2009ലും കുരുക്ഷേത്രയെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ ജിൻഡാൽ 2014ൽ പരാജയപ്പെട്ടിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയെ പ്രതിനിധീകരിച്ച് എൻഡിഎ സ്ഥാനാർത്ഥിയായി ജിൻഡാൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും കോൺഗ്രസ് നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ട് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയായിരുന്നു ജിൻഡാൽ. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും വികസിത ഭാരതത്തിനായി പ്രയത്നിക്കുമെന്നും പാർട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം നവീൻ ജിൻഡാൽ പ്രതികരിച്ചു.
#WATCH | Delhi: Former Congress MP Naveen Jindal joins BJP.
He announced his resignation from the Congress party on X, a short while ago. pic.twitter.com/HHo7I4GOgR
— ANI (@ANI) March 24, 2024
“ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം. ‘വികസിത ഭാരതമെന്ന’ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കും. ബിജെപി നൽകിയ ഈ അവസരത്തെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ബിജെപിയോടൊപ്പം പ്രവർത്തിക്കും. നമ്മുടെ ഭാരതത്തെ വികസിതമാക്കാനാണ് നാമെല്ലാവരും ശ്രമിക്കുന്നത്. അതിൽ വിജയം കാണുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ബിജെപി നേതൃത്വം നൽകുന്ന ഏതൊരു ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റും.
കഴിഞ്ഞ 10 വർഷമായി ഞാൻ കോൺഗ്രസിനൊപ്പമായിരുന്നു. എങ്കിലും പാർട്ടിയിൽ സജീവമായിരുന്നില്ല. കഴിഞ്ഞ 10 വർഷം കോൺഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. കൂടാതെ എല്ലാ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും പൂർണമായും വേറിട്ട് നിന്നാണ് കഴിഞ്ഞ 10 വർഷം ഞാൻ പ്രവർത്തിച്ചത്. എന്റെ ജോലിയിലും സാമൂഹ്യ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ കോൺഗ്രസിൽ നിന്നുള്ള എന്റെ രാജിക്ക് പാർട്ടിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം പാർട്ടിയിൽ എനിക്ക് യാതൊരു ചുമതലയുമുണ്ടായിരുന്നില്ല. ഒരിടവേളയ്‌ക്ക് ശേഷം രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ബിജെപിയോടൊപ്പം പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബിജെപിയുടെ നയങ്ങൾക്കൊപ്പം ഭാരതത്തെ കെട്ടിപ്പടുക്കാൻ പരിശ്രമിക്കും. “- ജിൻഡാൽ പറഞ്ഞു.















