ന്യൂഡൽഹി: മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്‌സിൽ നടന്ന ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോറുമായി സംസാരിക്കുകയും ദാരുണ സംഭവത്തിൽ ഇന്ത്യയുടെ ദുഃഖം രേഖപ്പെടുത്തിയതായും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
” മോസ്‌കോയിലെ സംഗീതനിശയ്‌ക്കിടയിൽ നടന്ന ഭീകരാക്രമണം അതി ദാരുണമാണ്. ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 150ലേറെ ജീവനുകൾ പൊലിഞ്ഞു. ദാരുണ സംഭവത്തെ തുടർന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി സംസാരിച്ച് ഭാരതത്തിന്റെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.”- എസ് ജയശങ്കർ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മോസ്‌കോയിലെ സംഗീതനിശയ്‌ക്കെത്തിയ ജനതയ്‌ക്ക് നേരെ അഞ്ച് പേർ വെടിയുതിർത്തത്. വെടിവെപ്പിന് പിന്നാലെ ഹാളിലേക്ക് അക്രമികൾ ബോംബെറിയുകയും ചെയ്തു.
ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. നീചമായ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റഷ്യൻ സർക്കാരിനൊപ്പം ഭാരതം നിലക്കൊള്ളുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുച്ചേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.















