തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 21-കാരൻ പിടിയിൽ. തിരുവനന്തപുരത്ത് വെള്ളറടയിലാണ് സംഭവം. മൈലക്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. സമൂഹമാദ്ധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുന്നത്.
രാവിലെ വീട്ടുകാർ മുറിയിലെത്തിയപ്പോഴാണ് ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ കാണാനില്ലെന്ന് മനസിലായത്. ഇതിന് പിന്നാലെ രക്ഷിതാക്കൾ പരിസര പ്രദേശത്തും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പ്രതിയോടൊപ്പം പോകുന്നത് കണ്ടെടുത്തിരുന്നു. നിരവധി സ്ഥലങ്ങളിൽ പെൺകുട്ടിയുമായി പ്രതി പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു.
പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളറടയിലെ പ്രതിയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പ്രതി സമ്മതിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.