ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുകയെന്ന സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ.കെ ബാലന്റെ പ്രസ്താവന വിവാദങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ എകെ ബാലൻ നടത്തിയ പരാമർശം രാഷ്‌ട്രീയ വിവാദത്തിനും ട്രോളുകൾക്കും തിരികൊളുത്തുകയും ചെയ്തു.
എ.കെ ബാലന്റെ പ്രസ്താവനയോടെ ചാനൽ ചർച്ചയിൽ പോലും താരമായി മാറിയിരിക്കുകയാണ് ഈനാംപേച്ചി. ഈനാംപേച്ചി അത്ര ചെറിയ ആളാണെന്ന തരത്തിലായിരുന്നു എ.കെ ബാലന്റെ പ്രസ്താവന. എന്നാൽ അങ്ങനെയല്ലെന്ന് ഈാനംപേച്ചിയെ അറിയാവുന്നവർക്കറിയാം. ചില ഈനാംപേച്ചി വിശേഷങ്ങൾ ഇതാ..
ഉറുമ്പാണ് ഈനാംപേച്ചിയുടെ പ്രധാന ആഹാരം. അതുകൊണ്ട് തന്നെ ഇതിനെ ഉറുമ്പുതീനി എന്നും വിളിക്കുന്നു. ഇതിന്റെ ശരീരം മുഴുവൻ കവചം പോലെ ശൽക്കങ്ങളാൽ പൊതിഞ്ഞിരിക്കുന്നു. ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നതിനായി സ്വയം പ്രതിരോധത്തിനായി പന്തുപോലെ ചുരുണ്ടു കൂടുന്നു. ഈ അവസരത്തിൽ ശൽക്കത്തിൻറെ നിറം മാറി അതിന് ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.
10 മുതൽ 16 കിലോഗ്രാം ഭാരമാണ് ഈനാംപേച്ചിക്കുള്ളത്. കോൺ ആകൃതിയിലുള്ള തലയും നീളമുള്ള മൂക്കും പിങ്ക് കലർന്ന തവിട്ടുനിറത്തിലുള്ള കൂർത്ത മുഖവും ഈനാംപേച്ചിയുടെ മാത്രം പ്രത്യേകതയാണ്. മൂർച്ചേറിയ നഖങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഇവയ്‌ക്ക് പല്ലുകൾ ഇല്ലെങ്കിലും ദഹനത്തിന് സഹായിക്കുന്ന മസിലുകൾ വയറ്റിലുണ്ട്. അടിവയറും കാലിന്റെ ഉൾഭാഗവും ഒഴികെയുള്ള ഭാഗങ്ങളെല്ലാം ശൽക്കങ്ങളാൽ മൂടപ്പെട്ട നിലയിലാണ്. കെരാറ്റിനാൽ നിർമ്മിതമാണ് ഇവ. സാധാരണഗതിയിൽ 160 മുതൽ 200 വരെ ശൽക്കങ്ങളാണ് ഈനാംപേച്ചിയിൽ കണ്ടുവരുന്നത്. ഇതിൽ 46 ശതമാനത്തോളവും ഇതിന്റെ വാലിലാണ് കാണപ്പെടുന്നത്.
വ്യാപകമായി വേട്ടയാടപ്പെടുന്ന മൃഗമാണ് ഈനാംപേച്ചി. ഇവയുടെ ശൽക്കങ്ങൾ ബൂട്ടുകളും ഷൂകളും ഉൾപ്പടെയുള്ള തുകൽ സാധനങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നു. 2000-കളുടെ ആരംഭം മുതൽ ഇവയുടെ തൊലി ചൈനയിലേക്ക് കടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സംരക്ഷിത സസ്തനികളാണ് ഈനാംപേച്ചികൾ. ഈനാംപേച്ചിയെ വേട്ടയാടുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. 2012 മുതൽ ഫെബ്രുവരി 12 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു.