കാസർകോട്: ഗൃഹനാഥന്റെ വിയോഗം മൂലം പാതി വഴിയിൽ മുടങ്ങിയ വീടിന്റെ പണി പൂർത്തികരിച്ച് നീലേശ്വരം സേവാഭാരതി. തീർത്ഥങ്കരയിലെ പരേതനായ കെ.ഗോപിയുടെ കുടുംബത്തിന്റെ വീടാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ വാസയോഗ്യമാക്കിയത്.
2019 ൽ ലൈഫ് പദ്ധതിയിൽ നിന്ന് കിട്ടിയ തുക കൊണ്ടാണ് കുടുംബം വീടിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ വീടിന്റെ പണി തീരുന്നതിനു മുൻപ് രോഗിയായ ഗോപി മരണപ്പെട്ടു. പിന്നീട് പണി തീരാത്ത വീട്ടിലാണ് ഗോപിയുടെ ഭാര്യ ബിന്ദുവും രണ്ടു മക്കളും താമസിച്ചത്. അമ്മയുടേയും മക്കളുടേയും ദുരവസ്ഥ മനസിലാക്കിയ നീലേശ്വരം സേവാഭാരതി പ്രവർത്തകർ വീടിന്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ വീടിന്റെ പ്ലാസ്റ്ററിംഗ്, പെയിന്റ് , ടൈൽസ്, വയറിംഗ്, വാതിൽ, ജനൽ, മുറ്റം ഇന്റർലോക്ക് തുടങ്ങി എല്ലാവിധ ജോലികളും പൂർത്തീകരിച്ചു.
നവീകരിച്ച വീടിന്റെ സമർപ്പണം ഡോ. കെ സി കെ രാജ നിർവ്വഹിച്ചു. സേവാഭാരതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ്
ഗോപിനാഥൻ മുതിരക്കാൽ ചടങ്ങിൽ അദ്ധ്യക്ഷനായി . മാനനീയ ജില്ലാ സംഘചാലക് ദാമോദരൻ താക്കോൽദാനം നിർവ്വഹിച്ചു. ജില്ലാ സേവാപ്രമുഖ് കൃഷണൻ ഏച്ചിക്കാനം, ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, സെക്രട്ടറി കെ സന്തോഷ് കുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.















