ആലപ്പുഴ: കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വനിതകൾക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നൽകിയ പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ശോഭ ജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി വേണുഗോപാൽ കേന്ദ്രമന്ത്രിയായിരുന്നിട്ടും ആലപ്പുഴയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാൻ തിടുക്കം കൂട്ടുകയും പരിശ്രമിക്കുകയും ചെയ്തയാളാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ്. നിരോധിത തീവ്രവാദ സംഘടനകളുമായി ബാന്ധവത്തിന് ശ്രമിക്കുകയാണ് എൽഡിഎഫ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് രഹസ്യ ധാരണയുണ്ട്. ഭീകരസംഘടനകളുമായി ചങ്ങാത്തം കൂടാനുള്ള മത്സരത്തിലാണ് ഇടതുവലത് മുന്നണികളെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഈരാറ്റുപേട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്താക്കണം. ”അവിലും മലരും കുന്തിരിക്കവും” മുദ്രാവാക്യം ഉയർന്നത് ആലപ്പുഴയിൽ വച്ചായിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. എൽഡിഎഫിനും യുഡിഎഫിനും വോട്ടുബാങ്ക് രാഷ്‌ട്രീയം മാത്രമാണുള്ളത്. എന്നാൽ എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന ഏക മുന്നണി എൻഡിഎ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.















