എറണാകുളം: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ എൻഐഎ കണ്ടെത്തി. പ്രതി ഉപയോഗിച്ച ഫോണിന്റെ സൈബർ ഫോറൻസിക്ക് പരിശോധനയിലാണ് നിരന്തരം ബന്ധപ്പെട്ടിരുന്നവരെയും, ഒളിത്താവളം ഒരുക്കിയവരെയും കുറിച്ച് വിവരം ലഭിച്ചത്.
മതനിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷം 13 വർഷവും സവാദ് ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന പേരിലായിരുന്നു. പിഎഫ്‌ഐ മതഭീകരവാദ ഗ്രൂപ്പുകളാണ് സവാദിന് സുരക്ഷിതമായ താവളം ഒരുക്കിയത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ താമസിച്ച പ്രതി നേതാക്കളെ മാത്രമാണ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്. ഒളിത്താവളം ഒരുക്കിയവരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സവാദിൽ നിന്ന് ശേഖരിക്കാനാണ് എൻഐഎയുടെ ശ്രമം. തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
2024 ജനുവരിയിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നാണ് മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത്. അദ്ധ്യാപകനെ ആക്രമിക്കുമ്പോൾ കൂട്ടു പ്രതികളുടെ വെട്ടേറ്റ് സവാദിന് പരിക്കേറ്റിരുന്നു. ഈ മുറിപ്പാടിൽ നിന്നാണ് ഷാജഹാൻ സവാദ് തന്നെയെന്ന് എൻഐഎ കണ്ടെത്തിയത്. നേരത്തെ 10 ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത പ്രതിയെ കുടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.