സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രാമായണം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് ശ്രീരാമനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ രാമന്റെ വേഷം അവതരിപ്പിക്കാനായുള്ള ഒരുക്കങ്ങൾ രൺബീർ ആരംഭിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി അമ്പെയ്‌ത്ത് പരിശീലനമടക്കം ആരംഭിച്ചു. നടൻ അമ്പെയ്‌ത്ത് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഹെഡ്സ്റ്റാൻഡ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 17 രാമനവമി ദിനത്തിൽ നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
RK with 🏹archery coach 📸🤳#recentclicks pic.twitter.com/aBBLfkLa49
— Ranbir Kapoor 👑❤️ (@Khushali_rk) March 25, 2024
ജൂലൈ മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ദീപാവലി റിലീസായിട്ടായിരിക്കും ചിത്രം എത്തുക. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയുടെ വേഷത്തിലെത്തുന്നത്. എന്നാൽ യാഷ് രാവണനായി എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം ചിത്രത്തിൽ ഹനുമാന്റെ വേഷത്തിൽ സണ്ണി ഡിയോൾ എത്തുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വാർത്ത. കൈകേയിയായി ലാറാ ദത്തയും ശൂർപ്പണഖയായി രാകുൽ പ്രീതും അഭിനയിക്കുമെന്നാണ് വിവരങ്ങൾ. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് അണിയിച്ചൊരുക്കുന്ന ചിത്രം മുംബൈയിലും ലോസ് ഏഞ്ചലസിലുമായിട്ടാകും ചിത്രീകരിക്കുക.
മൂന്ന് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിൽ ശ്രീരാമകഥയും രണ്ടാംഭാഗത്തിൽ രാവണന്റെയും സീതയുടെയും കഥയും പറയും. മൂന്നാം ഭാഗത്തിൽ ഹനുമാനെ കേന്ദ്രീകരിച്ചായിരിക്കും കഥ. ഒപ്പം യുദ്ധഭാഗങ്ങളും ഉൾപ്പെടുത്തിയേക്കും. സിനിമയുടെ തിരക്കഥ പൂർത്തിയാക്കാൻ സംവിധായകൻ അഞ്ച് വർഷത്തോളം സമയമെടുത്തെന്നാണ് റിപ്പോർട്ടുകൾ.















