ശ്രീനഗർ: ജമ്മു കശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രഭരണപ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു കശ്മീർ പൊലീസിന് നൽകാനും പദ്ധതിയുണ്ട്. നേരത്തെ ജമ്മു കശ്മീർ പൊലീസിൽ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അവർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും ജെകെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യൻ ആർമി, എയർ ഫോഴ്സ്, കേന്ദ്ര സായുധ പാരാമിലിട്ടറി സേനകൾ എന്നിവയ്ക്ക് നൽകപ്പെട്ട, ‘പ്രത്യേകാധികാരങ്ങൾ’ (special power) ആണ് അഫ്സ്പ നിയമത്തിൽ ഉൾപ്പെടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനത്തോളം പ്രദേശങ്ങളിൽ നിന്ന് അഫ്സ്പ പിൻവലിച്ചിരുന്നു. കശ്മീരിലെ വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ വിഷയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമാണ്. അത് നിറവേറ്റും. സെപ്റ്റംബറിന് മുമ്പ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. കശ്മീരിൽ ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് എൻഡിഎ സർക്കാരാണ്. സ്ത്രീകൾക്കും മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തി. ഗുജ്ജർ, ബക്കർവാളുകൾ എന്നിവർക്കൊപ്പം പഹാഡികൾക്ക് 10 ശതമാനം സംവരണം നൽകിയെന്നും അദ്ദഹം വ്യക്തമാക്കി.