തിരുവനന്തപുരം: വംശീയാധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു, പരാമർശത്തിൽ തനിക്ക് മാനസിക വിഷമമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പത്തിലധികം പേജുള്ള പരാതിയിൽ തനിക്കെതിരെ അധിക്ഷേപം നടത്തിയ വീഡിയോയും ആർഎൽവി രാമകൃഷ്ണൻ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ പരാതി വഞ്ചിയൂർപൊലീസിന്കൈമാറി.
കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കാൻ യോജിച്ചവരല്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു പരാമർശം. പേരെടുത്ത് പറയാതെയുള്ള ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായെത്തിയത്. സമൂഹമാദ്ധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവച്ചതോടെ ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് പറഞ്ഞ് കലാമണ്ഡലം സത്യഭാമ ജൂനിയർ രംഗത്തെത്തിയിരുന്നു.
ജൂനിയർ സത്യഭാമ വർണവിവേചനം നടത്തിയതിനെതിരെ ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാൻ നിരവധി വേദികൾ സംസ്ഥാനത്ത് ലഭിച്ചു. ഇന്നലെ കലാമണ്ഡലത്തിലും ആർ.എൽ.വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സിലായിരുന്നു രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചത്.