തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമി മരിച്ച സംഭവത്തിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും അഭിരാമി എഴിതിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള മറ്റു കാരണങ്ങളൊന്നും കുറിപ്പിൽ വിശദമാക്കിയിട്ടില്ല.
മെഡിക്കൽ കോളേജിന്റെ സമീപത്ത് അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും അഭിരാമിയെ അലട്ടിയിരുന്നതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് മാസം മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരും. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളനാട്ടെ അഭിരാമിയുടെ വീട്ടിലെത്തിക്കും.















