വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ. മുൻ വിസി സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകനാണെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഈ വിദ്യാർത്ഥിയും അവിടെ ഉണ്ടായിരുന്നതായി അസി. വാർഡൻ റിപ്പോർട്ട് നൽകിയിരുന്നു.
സിദ്ധാർത്ഥിനെ മർദ്ദിക്കാൻ കൂട്ടുനിന്ന ഇടത് സംഘടനാ നേതാവായ ഷീബയുടെ മകനെ സംരക്ഷിക്കാനാണ് മുൻ വിസി ശ്രമിച്ചതെന്നാണ് ഉയർന്നു വരുന്ന ആരോപണം. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ സംഭവത്തിൽ 90 വിദ്യാർത്ഥികളെയായിരുന്നു ആന്റി- റാഗിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സസ്‌പെൻഡ് ചെയ്തത്. എന്നാൽ മുൻ വിസി ഇടപെട്ട് ഇതിൽ 33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.
സിദ്ധാർത്ഥിനെ മർദ്ദിച്ചതിൽ വനിതാ നേതാവിന്റെ മകനും ഉൾപ്പെടുന്നുണ്ടെന്ന് അസി. വാർഡൻ കാന്തനാഥ്, വിസിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ നേതാവിന്റെ മകന് നേരെ നടപടിയെടുത്തത്. എന്നാൽ പിന്നീട് തനിക്ക് തെറ്റ് പറ്റിയതാണെന്നും സംഘടനാ നേതാവിന്റെ മകൻ ആൾക്കൂട്ട വിചാരണക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അസി. വാർഡൻ വീണ്ടും മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ ഒഴിവാക്കിയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഇടത് സംഘടനാ നേതാവിന്റെ മകനെയും ഉൾപ്പെടുത്തിയത്.
വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ഒഴിവാക്കിയതിൽ സിദ്ധാർത്ഥിന്റെ പിതാവ് ഗവർണർക്ക് പരാതി നൽകി. തുടർന്ന് ഗവർണർ ഇടപെട്ട് സസ്‌പെൻഷൻ ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.















