മലപ്പുറം: കേരളത്തിൽ ഇടതുമുന്നണിയും കോൺഗ്രസും ചേർന്ന് മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ എം. അബ്ദുൾ സലാം.’ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 26 വെള്ളിയാഴ്‌ച്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. രാജ്യത്തിനാണ് പ്രാധാന്യം നൽകുന്നതിൽ ഏതൊരു പൗരനും വോട്ടെടുപ്പ് ദിവസം എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാനെത്താം. അതല്ല വോട്ടെടുപ്പ് മാറ്റണമെന്ന് പറയുന്ന ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സമൂഹമെങ്ങനെ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
‘എനിക്ക് കോൺഗ്രസ്, ഐയുഎംഎൽ, ഇടതുമുന്നണി മുതലായ രാഷ്‌ട്രീയ പാർട്ടികളുമായി വ്യക്തിപരമായ വിരോധമില്ല. എന്റെ ചോദ്യം അവർ എന്തുകൊണ്ട് ദേശീയ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നില്ല എന്നതാണ്. മതത്തിനും വിശ്വാസത്തിനും പ്രാധാന്യം നൽകാം. പക്ഷേ അതൊരിക്കലും രാജ്യ താത്പര്യത്തിന് മുകളിലാകരുത്. ഞാൻ മുൻതൂക്കം നൽകുന്നത് എന്റെ രാജ്യത്തിനാണ്. അതുകൊണ്ടാണ് എൻഡിഎയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്
ബിജെപി ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്ന പാർട്ടിയാണ്. പക്ഷേ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലീങ്ങൾ ബിജെപിയിൽ നിന്ന് അകന്ന് നിൽക്കുന്നത്. വിദ്യാസമ്പന്നനായ ഒരു മുസ്ലീം എന്ന നിലയിൽ ഇന്ത്യയെ ലോകശക്തിയാക്കാനുള്ള ദൗത്യത്തിൽ നരേന്ദ്രമോദിക്കൊപ്പം ചേരേണ്ടത് തന്റെ കടമയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ വികസന കുതിപ്പിൽ ഒരു വിഭാഗം അസൂയ പൂണ്ട് നടക്കുമ്പോൾ അവരുടെ കുരുക്കിൽ അകപ്പെടുകയാണ് മുസ്ലീങ്ങൾ. അതിന് നിന്ന് കൊടുക്കാൻ മുസ്ലീങ്ങൾ തയ്യാറാകരുത്.
തുടർച്ചയായി മുത്തലാഖിന് ഇരയാകുന്ന മലപ്പുറത്തെ മുസ്ലീം വോട്ടർമാരിൽ തനിക്ക് വലിയ വിശ്വാസമാണുള്ളത്. അവർ നിശബ്ദരും അസംഘടിതരും ആയിരിക്കാം. പക്ഷേ തങ്ങളുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള കടപ്പാടിന്റെ സൂചകമായി അവർ എനിക്ക് വോട്ട് ചെയ്യുമെന്നും’ അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റാലും പാർട്ടിയോട് ഒന്നും ആവശ്യപ്പെടില്ല. പകരം, താഴേ തട്ടിലുള്ള പ്രവർത്തകനായി തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















